Connect with us

International

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ടു; വടക്കന്‍ കൊറിയയില്‍ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിച്ചതായി റിപ്പോര്‍ട്ട്

Published

on

വിനാശകരമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ടെന്ന കാരണത്താല്‍ വടക്കന്‍ കൊറിയയില്‍ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോർട്ട്.

രാജ്യത്തലവന്‍ കിം ജോങ് ഉന്നിന്റെ ഉത്തരവ് പ്രകാരമാണ് കൂട്ടവധം നടപ്പാക്കിയതെന്നു തെക്കന്‍ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭങ്ങളില്‍ ഏകദേശം ആയിരം പേരാണ് വടക്കന്‍ കൊറിയയില്‍ മരിച്ചത്.

വെള്ളപ്പൊക്കം മൂലമുണ്ടായ ജീവഹാനിക്ക് ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് ”കര്‍ശന ശിക്ഷ” നല്‍കണമെന്ന് കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നതായി വടക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ തെക്കന്‍ കൊറിയയിലെ ചോസുന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, കൃത്യവിലോപം എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞമാസം അവസാനം ഒരേ സമയം വധിച്ചതെന്നാണ് വടക്കന്‍ കൊറിയയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.

വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതുകൂടാതെ, 2019 മുതല്‍ ചാഗാങ് പ്രവിശ്യാ പാര്‍ട്ടി കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന കാങ് ബോങ്-ഹൂണിനെ സ്ഥാനങ്ങളില്‍നിന്ന് നീക്കിയതായി വടക്കന്‍ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈയിലുണ്ടായ കനത്ത മഴ വടക്കന്‍ കൊറിയയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായിരുന്നു. നാലായിരത്തിലധികം വീടുകള്‍ തകരുകയും 15,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. കിം ജോങ് ഉന്‍ നേരിട്ട് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയ സമീപപ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കാനും പുനഃസ്ഥാപിക്കാനും മാസങ്ങളെടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, വികലാംഗരായ സൈനികര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ ഉള്‍പ്പെടെ 15,400 പേര്‍ക്ക് പ്യോങ്യാങ്ങില്‍ സര്‍ക്കാര്‍ അഭയം നല്‍കിയിരുന്നു.

അതേസമയം, വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍ കിം ജോങ് ഉന്‍ നിഷേധിച്ചിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ ‘തെറ്റായ കിംവദന്തികള്‍’ എന്നാണ് ഉന്‍ പറഞ്ഞത്. വടക്കന്‍ കൊറിയയുടെ അന്താരാഷ്ട്ര പ്രശസ്തിക്കു കോട്ടം തട്ടാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ക്യാംപെയ്‌ന്റെ ഭാഗമായാണ് ദക്ഷിണ കൊറിയ ഈ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനിടെയാണ് മുപ്പത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ വധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Continue Reading
Advertisement

Trending