Connect with us

Politics

‘ഇത് എസ്‌എഫ്‌ഐക്കാലം മുതല്‍ കേട്ടുതുടങ്ങിയതാണ്, എനിക്ക് ഭയമില്ല’; വിവാദങ്ങളില്‍ പ്രതികരിച്ച്‌ പി ശശി

Published

on

എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയ വിവാദ കോലാഹലങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി ശശി.

വിവാദങ്ങളില്‍ ഭയമില്ലെന്നും ആരോടും വിരോധമില്ലെന്നും എസ്‌എഐയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ വേട്ടയാടന്‍ നേരിട്ടുവന്നവനാണെന്നും ദ വീക്കിനോട് സംസാരിക്കവെ ശശി വ്യക്തമാക്കി.

”ആളുകള്‍ എന്തും പറയട്ടെ, അതിന് അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്, അവകാശമുണ്ട്. എനിക്ക് സ്വേച്ഛാധിപത്യ മനോഭാവമില്ല. ആരോടും വ്യക്തിവിരോധമോ വെറുപ്പോ ഇല്ല. ഭയവുമില്ല. ഈ ആരോപണങ്ങള്‍ എനിക്ക് പുതുമയുമല്ല. 1980-ല്‍ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതല്‍ വേട്ടയാടലുകള്‍ നേരിടുന്നവനാണ്. എന്നിട്ടും ഞാന്‍ ഇവിടെ വരെയെത്തി. അതു മതി” -ശശി പറഞ്ഞു.

പോലീസ് സേനയിലെ കൊള്ളരുതായ്മകളും എഡിജിപി എം ആര്‍ അജിത്കുമാറിന്റെ അനധികൃത ഇടപെടലുകളും വെളിപ്പെടുത്തിക്കൊണ്ട് പിവി അന്‍വര്‍ ഉയര്‍ത്തിവിട്ട വിവാദ കോലാഹലങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ പി ശശി തന്റെ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും എം ആര്‍ അജിത് കുമാറിനെയും ശശിയെയും വിശ്വസിച്ചാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ ഏല്‍പിക്കുന്നതെന്നും എന്നാല്‍ അദ്ദേഹം പറയുന്നതിന് അപ്പുറം പ്രവര്‍ത്തിക്കുന്ന ഒരു സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസിലുമുണ്ടെന്നുമായിരുന്നു അന്‍വറിന്റെ ആരോപണം.

പോലീസും പാര്‍ട്ടിയും തമ്മിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ട ശശി തന്റെ കടമ നിര്‍വഹിക്കുന്നതില്‍ പൂര്‍ണ പരാജയമാണെന്നും ശശിയുടെ ഇടപെടലുകളെത്തുടര്‍ന്ന് പലപ്പോഴും പാര്‍ട്ടിയും മുഖ്യമന്ത്രിയും സര്‍ക്കാരും ജനങ്ങളുടെ മുന്നില്‍ അപഹാസ്യരാകേണ്ടി വന്നിട്ടുണ്ടെന്നും പോലീസിനെ ഉപയോഗിച്ച്‌ ശശി വഴിവിട്ട കാര്യങ്ങള്‍ ചെയ്യിക്കുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

ശശിക്കെതിരേ പിവി അന്‍വര്‍ എംഎല്‍എ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് രേഖാമൂലം നേരിട്ട് പരാതി നല്‍കിയിരുന്നു. ഈ പരാതി പാര്‍ട്ടി ഗൗരവത്തില്‍ എടുക്കുമെന്നും നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ശശിയുടെ പ്രതികരണം.

മുഖ്യമന്ത്രിയില്‍ ശശിക്കുള്ള വലിയ സ്വാധീനത്തില്‍ സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് അടക്കം നീരസമുണ്ടെന്നും സിപിഎമ്മിലെ ഒരുവിഭാഗം ശശിക്കെതിരാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഒരു ലോബിക്കെതിരേയാണ് തന്റെ യുദ്ധമെന്നും ഇന്ന് പിവി അന്‍വര്‍ എംഎല്‍എ വ്യക്തമാക്കി.

”സംസ്ഥാനത്തെ പോലീസ് വികലമായാണ് പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ട് അവര്‍ ജനങ്ങളെ സര്‍ക്കാരിനെതിരേ തിരിക്കുന്നു. എന്തുകൊണ്ട് അവര്‍ തൃശൂര്‍ പൂരം കലക്കുന്നു. മുഖ്യമന്ത്രി തിരുത്തിയതിനു പിന്നാലെ തന്നെ എന്തുകൊണ്ട് അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നു. ഈ അന്വേഷണങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാന്‍ തുടങ്ങിയിട്ടേയുള്ളു. നടപടികള്‍ ഉണ്ടാകട്ടെ”- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും പറഞ്ഞു. പാര്‍ട്ടിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. എഡിജിപിയെ മാറ്റണമോയെന്ന് ഇനി പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെ. അന്തസുള്ള ഒരു പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് നമുക്കുള്ളത്. ഉചിതമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നടപടി ക്രമങ്ങള്‍ പാലിച്ച്‌ തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നു”- അന്‍വര്‍ പറഞ്ഞു.

Continue Reading
Advertisement

Trending