Connect with us

International

പാക് ‘നിധിയില്‍’ കണ്ണുവച്ച്‌ സൗദി രാജകുമാരന്‍

Published

on

വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാന്‍ കടന്നുപോകുന്നത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും അതിന്റെ മൂര്‍ധന്യത്തിലാണ്.

രാഷ്ട്രീയ അസ്ഥിരതയും ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇറാനും അടങ്ങുന്ന അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണിയും പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്നുണ്ട്. പോരാത്തതിന് ബലൂചിസ്ഥാനില്‍ ഉയരുന്ന സ്വതന്ത്രരാഷ്ട്ര വാദം അവരെ വല്ലാതെ കുഴപ്പത്തിലാക്കുന്നുണ്ട്.

സാമ്ബത്തിക പ്രശ്‌നങ്ങള്‍ വരുമ്ബോള്‍ ചൈനയെയും സൗദി അറേബ്യയെയും ആയിരുന്നു മാറിമാറി വന്ന പാക് സര്‍ക്കാരുകള്‍ സമീപിച്ചിരുന്നത്. എന്നാല്‍ ഈ വാതിലുകള്‍ ഇപ്പോള്‍ പഴയപോലെ തുറക്കുന്നില്ല. രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പാക്കിസ്ഥാന്‍ രണ്ടുംകല്പിച്ചൊരു നീക്കത്തിനാണ് ഇപ്പോള്‍ തയാറെടുക്കുന്നത്.

റെക്കോ ഡിക് എന്ന നിധി

പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്രം ആവശ്യപ്പെടുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സ്വര്‍ണത്തിന്റെയും കോപ്പറിന്റെയും അത്യപൂര്‍വ ശേഖരവുമായി റെക്കോ ഡിക് ഖനിയുള്ളത്. 1995ലാണ് ഇവിടെ സ്വര്‍ണത്തിന്റെ വിപുലമായ ശേഖരം കണ്ടെത്തിയത്. ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള 400 മില്യണ്‍ ടണ്‍ സ്വര്‍ണം ഇവിടെ ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇത്രയും വലിയ സ്വര്‍ണശേഖരം ഉണ്ടെങ്കിലും അശാന്തമായ ബലൂചിസ്ഥാനും പാക് രാഷ്ട്രീയത്തിലെ അസ്ഥിരതയും അവര്‍ക്ക് വെല്ലുവിളിയാണ്. നിലവില്‍ ഈ ഖനിയുടെ ഉടമസ്ഥാവകാശം ബാരിക് ഗോള്‍ഡ് എന്ന കനേഡിയന്‍ ഖനന കമ്ബനിക്കും പാക്കിസ്ഥാന്‍, ബലൂചിസ്ഥാന്‍ സര്‍ക്കാരുകള്‍ക്കുമാണ്. കനേഡിയന്‍ കമ്ബനിക്ക് 50 ശതമാനമാണ് സംയുക്ത സംരംഭത്തില്‍ ഓഹരിപങ്കാളിത്തമുള്ളത്. ബാക്കിയുള്ള വിഹിതമാണ് പാക്കിസ്ഥാന്‍, ബലൂചിസ്ഥാന്‍ സര്‍ക്കാരുകള്‍ക്ക്.

വെല്ലുവിളിയായി ബലൂചിസ്ഥാന്‍

ഇതില്‍ പാക് സര്‍ക്കാരിന്റെ ഓഹരികളാണ് സൗദി അറേബ്യയ്ക്ക് വില്‍ക്കാന്‍ നീക്കം നടക്കുന്നത്. പാക്കിസ്ഥാന്റെ കൈയിലുള്ളതില്‍ നിന്ന് 15 ശതമാനം ഓഹരികള്‍ വാങ്ങാമെന്ന ആശയം സൗദിയാണ് മുന്നോട്ടുവച്ചത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ (പി.ഐ.എഫ്) നിന്ന് ഈ പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശതകോടികള്‍ ചെലവഴിക്കാമെന്നാണ് മുഹമ്മദ് ബില്‍ സല്‍മാന്റെ മറ്റൊരു ഓഫര്‍.

റെക്കോ ഖനിയുടെ സാധ്യത പഠനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഡിസംബറോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028ല്‍ ഉല്‍പാദനം ആരംഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. ബലൂചിസ്ഥാനില്‍ പാക് വിരുദ്ധത വലിയതോതില്‍ പടരുന്നത് പദ്ധതിയെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

പാക്കിസ്ഥാനെ സഹായിക്കുക എന്നതിനെക്കാള്‍ വിപുലമായ സ്വര്‍ണഖനിയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുകയെന്നതാണ് സൗദിയുടെ മനസിലിരുപ്പ്. ആപത്തു കാലത്ത് സഹായിച്ച സൗദിയെ പിണക്കാതെ ഡീലിന് വഴങ്ങുകയെന്നതാണ് പാക് സര്‍ക്കാരിനു മുന്നിലുള്ള വഴി. എത്ര തുകയുടെ ഇടപാടാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന ഷെഹ്ബാസ് ഷരീഫ് സര്‍ക്കാരിന് പിടിവള്ളിയാണ് മുന്നിലുള്ളത്.

Continue Reading
Advertisement

Trending