Connect with us

Entertainment

നടൻ ഫഹദ് ഫാസില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ട്.

Published

on

പാൻ ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പുകള്‍ക്കു വിരാമമിടാൻ നടൻ ഫഹദ് ഫാസില്‍. താരം ഉടൻ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ട്.

സംവിധായകൻ ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെയാകും ഫഹദിന്‍റെ അരങ്ങേറ്റമെന്നാണു സൂചന. വിനോദ പോർട്ടലായ ‘പിങ്ക്‌വില്ല’യാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

സോച്ചാ ന താ, ജബ് വി മെറ്റ്, റോക്‌സ്റ്റാർ, തമാശ, ഹൈവേ, ചംകീല ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡ് ആരാധകരുടെ ഹൃദയം കവർന്ന സംവിധായകനാണ് ഇംതിയാസ് അലി. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പത്താമത്തെ ചിത്രത്തില്‍ പ്രധാന റോളിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോർട്ട്. സിനിമയുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഇരുവരും തമ്മില്‍ നിരവധി തവണ കൂടിക്കാഴ്ചകള്‍ നടന്നിരുന്നു.

ഇംതിയാസ് അലിയെപ്പോലെയുള്ളൊരു സംവിധായകന്റെ സംവിധാനത്തില്‍ ഹിന്ദിയില്‍ ആദ്യ സിനിമ ചെയ്യാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് ഫഹദ് എന്നാണ് ഇരുവരുമായി ബന്ധമുള്ള ഒരാള്‍ പിങ്ക്‌വില്ലയോട് വെളിപ്പെടുത്തിയത്. ഇംതിയാസ് അലിയുടെ പതിവ് ശൈലി തെറ്റിക്കാതെ അണിയറയിലൊരുങ്ങുന്നതും പ്രണയചിത്രമാണെന്നാണു വിവരം. വേറിട്ട രീതിയിലുള്ള കഥപറച്ചിലാകും ഇതിലുള്ളത്. കഥയ്ക്ക് ഏറ്റവും അനുയോജ്യനായ മുഖമെന്ന നിലയ്ക്കാണ് ഇംതിയാസ് ഫഹദിനെ തന്നെ ഉറപ്പിക്കുന്നത്. ഫഹദിനൊപ്പം ലീഡ് റോളിലെത്തുന്ന നടിക്കായുള്ള അന്വേഷണത്തിലാണുള്ളത്.

2025 ആദ്യത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണു പദ്ധതിയിടുന്നത്. വർഷാന്ത്യത്തില്‍ ചിത്രം തിയറ്ററുകളിലുമെത്തും. ഇംതിയാസ് ഇപ്പോള്‍ തിരക്കഥയുടെ മിനുക്കുപണികളിലാണുള്ളത്. ഇതു പൂർത്തിയായാല്‍ സംഗീതത്തിലേക്കു കടക്കും. ഇതും കഴിഞ്ഞാകും പ്രീപ്രൊഡക്ഷൻ ജോലികള്‍ ആരംഭിക്കുക.

ദില്‍ജിത് ദോസഞ്ചും പരിനീതി ചോപ്രയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രം ‘അമർ സിങ് ചംകീല’യാണ് ഇംതിയാസ് അലി അവസാനമായി ചെയ്തത്. ഫഹദിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായ ‘ആവേശം’ മലയാളം കടന്ന് കേരളത്തിനു പുറത്തും വൻ തരംഗമായി മാറിയിരുന്നു. വിക്രം, മാമണ്ണൻ, പുഷ്പ തുടങ്ങിയ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ മലയാളത്തിനു പുറത്തും വലിയ ഫാൻബേസ് സൃഷ്ടിച്ചിട്ടുണ്ട് താരം. അടുത്തിടെ ആന്തോളജി ചിത്രം ‘മനോരഥങ്ങളി’ലും ഫഹദ് അഭിനയിച്ചിരുന്നു.

2017ല്‍ മോഹൻ രാജയുടെ ആക്ഷൻ ത്രില്ലർ വേലൈക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു പിന്നാലെ ത്യാഗരാജൻ കുമാരരാജയുടെ ‘സൂപ്പർ ഡീലക്‌സി’ലും ലോകേഷ് കനഗരാജിന്റെ ആക്ഷൻ ത്രില്ലർ ‘വിക്രമി’ലും ചെയ്ത വേഷങ്ങള്‍ വൻ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 2021ല്‍ സുകുമാറിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘പുഷ്പ: ദി റൈസി’ലൂടെയാണ് തെലുഗില്‍ അരങ്ങേറുന്നത്. പുഷ്പ രണ്ടാം ഭാഗത്തിലും ഫഹദ് എത്തുന്നുണ്ട്.

Continue Reading
Advertisement

Trending